ഐ ടി രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടം എന്ന് മാധ്യമങ്ങളും സർക്കാരും ദിവസം മൂന്നു നേരം വച്ച് വിളിച്ചു പറയുന്പോളും, അതാണോ സത്യം എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്.
വൻ നഗരങ്ങളിൽ നിന്നും ഐ ടി സ്ഥാപനങ്ങൾ ചെറു നഗരങ്ങളിലേക്ക് കുടിയേറുകയാണെന്നും, അതിനാൽ തിരുവനന്തപുരവും കൊച്ചിയും ബംഗാളുരിനെയും ചെന്നൈയെയും ഉടൻ കടത്തി വെട്ടും എന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന ഒരു വീമ്പ് പറച്ചിൽ ആണ്. ഈ വീമ്പു പറച്ചിലിൽ കൊച്ചി ഒരു പടി മുന്നിലാണ്. അതും വിശ്വസിച്ച് ഒരുപാട് പേർ കാക്കനാടും മറ്റും ഫ്ലാറ്റുകൾ വാങ്ങി കൂട്ടുകയും ചെയ്തു. പറ്റിക്കപെടാൻ മലയാളി കഴിഞ്ഞട്ടെ ഉള്ളു ആരും !!!
ഇനി ചില കണക്കുകൾ. ഇലക്ട്രോണിക്സ് ആന്റ് സോഫ്റ്റ്‌വെയർ എക്സ്പോർട്ട് പ്രൊമോഷൻ കൌണ്‍സിൽ http://www.escindia.in എന്ന വെബ്‌സൈറ്റിൽ നൽകുന്ന കണക്ക് അനുസരിച്ച് 2010 -2011 സാമ്പത്തിക വർഷം കർണാടകയുടെ കയറ്റുമതി ₹ 77,420 കോടി ആയിരുന്നു. അതായത് ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 29.49%. അതേ കാലയളവിൽ കേരളത്തിന്റെ കയറ്റുമതി ₹ 2,520 കോടി മാത്രം ആയിരുന്നു. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 0.96%. 2012-2013 സാമ്പത്തിക വർഷത്തിൽ കർണാടകയുടെ കയറ്റുമതി ₹ 1,42,000 കോടി ആയിരുന്നു. അതായത് ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 35.06%. രണ്ടു വർഷം കൊണ്ട് 5.57% കൂടുതൽ വിഹിതം !!! കേരളത്തിന്റെ കയറ്റുമതി ₹ 5,000 കോടി; ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 1.23%.
2013 - 2014 വര്ഷത്തിലെ കർണാടകയുടെ കയറ്റുമതി ₹ 1,79,000 കോടിയാണെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യ, ബാംഗ്ലൂർ ഫെബ്രുവരി 18, 2014
അതെ, നമ്മുടെ സർക്കാരും മാധ്യമങ്ങളും ഏറ്റു പാടിയിരുന്ന വൻ നഗരങ്ങളിൽ നിന്നും ചെറു നഗരങ്ങളിലേക്ക് ഉള്ള ഐ ടി വ്യവസായത്തിന്റെ കുടിയേറ്റം ഒരു മിഥ്യ ആണെന്ന് ഈ കണക്കുകൾ സൂചന നൽകുന്നു. ടെക്നോപാർക്കും ഇൻഫൊപാർക്കും കൂടിയുള്ള കയറ്റുമതിയുടെ കണക്കാണ് ₹ 5,000 കോടി എന്നത്. കർണാടകയുടെ കയറ്റുമതിയുടെ 10% എങ്കിലും എത്തണമെങ്കിൽ ഐ ടി വ്യവസായത്തിനുള്ള അടിസ്ഥാന സൗകര്യം നാം എത്ര മടങ്ങ് അതികമായി ഉണ്ടാക്കണം എന്നത് നിങ്ങൾക്ക് ചിന്തിക്കാനായി വിടുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണ് കിടക്കുന്ന നമ്മുടെ സർക്കാരിനു ഈ അടിസ്ഥാന സൗകര്യം നിർമ്മിക്കാനായി സാധിക്കുമെന്ന് തോന്നുന്നില്ല. വലിയ പ്രതീക്ഷയുമായി വന്ന പല പദ്ധതികളും ലക്ഷ്യം തെറ്റി പോകുമ്പോൾ നമുക്ക് എവിടെ ആണ് പിഴച്ചതെന്നും ഇനി എന്താണ് മാർഗം എന്നും ചിന്തിക്കേണ്ട സമയം ആയി.





