Wednesday, April 30, 2014

കേരള ഐ ടി എന്ന കൂപമണ്ഡൂകം

ഐ ടി രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടം എന്ന് മാധ്യമങ്ങളും സർക്കാരും ദിവസം മൂന്നു നേരം വച്ച് വിളിച്ചു പറയുന്പോളും,  അതാണോ സത്യം എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്.

വൻ നഗരങ്ങളിൽ നിന്നും ഐ ടി സ്ഥാപനങ്ങൾ ചെറു നഗരങ്ങളിലേക്ക് കുടിയേറുകയാണെന്നും, അതിനാൽ തിരുവനന്തപുരവും കൊച്ചിയും ബംഗാളുരിനെയും ചെന്നൈയെയും ഉടൻ കടത്തി വെട്ടും എന്നും കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന ഒരു വീമ്പ് പറച്ചിൽ  ആണ്. ഈ വീമ്പു പറച്ചിലിൽ കൊച്ചി ഒരു പടി മുന്നിലാണ്. അതും വിശ്വസിച്ച് ഒരുപാട് പേർ കാക്കനാടും മറ്റും ഫ്ലാറ്റുകൾ വാങ്ങി കൂട്ടുകയും ചെയ്തു. പറ്റിക്കപെടാൻ മലയാളി കഴിഞ്ഞട്ടെ ഉള്ളു ആരും !!!

ഇനി ചില കണക്കുകൾ. ഇലക്ട്രോണിക്സ് ആന്റ് സോഫ്റ്റ്‌വെയർ എക്സ്പോർട്ട് പ്രൊമോഷൻ കൌണ്‍സിൽ http://www.escindia.in  എന്ന വെബ്‌സൈറ്റിൽ നൽകുന്ന കണക്ക് അനുസരിച്ച് 2010 -2011 സാമ്പത്തിക വർഷം കർണാടകയുടെ കയറ്റുമതി  ₹ 77,420 കോടി ആയിരുന്നു. അതായത് ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 29.49%. അതേ കാലയളവിൽ കേരളത്തിന്റെ കയറ്റുമതി ₹ 2,520 കോടി മാത്രം ആയിരുന്നു. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 0.96%. 2012-2013 സാമ്പത്തിക വർഷത്തിൽ കർണാടകയുടെ കയറ്റുമതി ₹ 1,42,000 കോടി ആയിരുന്നു. അതായത് ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 35.06%. രണ്ടു വർഷം കൊണ്ട് 5.57% കൂടുതൽ വിഹിതം !!! കേരളത്തിന്റെ കയറ്റുമതി ₹ 5,000 കോടി; ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 1.23%.



2013 - 2014 വര്ഷത്തിലെ കർണാടകയുടെ കയറ്റുമതി ₹ 1,79,000 കോടിയാണെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൈംസ്‌ ഓഫ് ഇന്ത്യ, ബാംഗ്ലൂർ ഫെബ്രുവരി 18, 2014 


അതെ, നമ്മുടെ സർക്കാരും മാധ്യമങ്ങളും ഏറ്റു പാടിയിരുന്ന വൻ നഗരങ്ങളിൽ നിന്നും ചെറു നഗരങ്ങളിലേക്ക് ഉള്ള ഐ ടി വ്യവസായത്തിന്റെ കുടിയേറ്റം ഒരു മിഥ്യ ആണെന്ന് ഈ കണക്കുകൾ സൂചന നൽകുന്നു. ടെക്നോപാർക്കും ഇൻഫൊപാർക്കും കൂടിയുള്ള കയറ്റുമതിയുടെ കണക്കാണ് ₹ 5,000 കോടി എന്നത്. കർണാടകയുടെ കയറ്റുമതിയുടെ 10% എങ്കിലും എത്തണമെങ്കിൽ ഐ ടി വ്യവസായത്തിനുള്ള അടിസ്ഥാന  സൗകര്യം നാം എത്ര മടങ്ങ്‌ അതികമായി ഉണ്ടാക്കണം എന്നത് നിങ്ങൾക്ക് ചിന്തിക്കാനായി വിടുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണ് കിടക്കുന്ന നമ്മുടെ സർക്കാരിനു ഈ അടിസ്ഥാന  സൗകര്യം നിർമ്മിക്കാനായി സാധിക്കുമെന്ന് തോന്നുന്നില്ല. വലിയ പ്രതീക്ഷയുമായി വന്ന പല പദ്ധതികളും ലക്ഷ്യം തെറ്റി പോകുമ്പോൾ നമുക്ക് എവിടെ ആണ് പിഴച്ചതെന്നും ഇനി എന്താണ് മാർഗം എന്നും ചിന്തിക്കേണ്ട സമയം ആയി.







Friday, April 25, 2014

തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഭാവി

കേരളത്തിന്റെ ഐ.ടി വികസനത്തിൽ വളരെ പ്രധാന പങ്കാണ് ടെക്നോപാർക്ക് വഹിക്കുന്നത്. 50,000 ത്തോളം ആൾക്കാർ അവിടെ ജോലി ചെയ്യുന്നു. നമ്മുടെ നാടിന്റെ പൊതുവായ വികസനത്തിൽ തന്നെ ടെക്നോപാർക്കിനുള്ള പങ്ക് ആർക്കും നിഷേധിക്കാൻ സാധിക്കില്ല.

അങ്ങനെയുള്ള ടെക്നോപാർക്ക് കടം കയറി നാശത്തിന്റെ വക്കോളം എത്തി നിൽകുന്നു എന്നത് മലയാളികൾക്ക് എല്ലാം തന്നെ അത്ഭുതവും നിരാശയും ആധിയും ഉണ്ടാക്കുന്നതാണ്. RBIയുടെ ഔദ്യോഗിക റേറ്റിങ്ങ് ഏജൻസി ആയ CRISIL ടെക്നോപാർക്കിന്റെ റേറ്റിങ്ങ് 'CRISIL D' ആക്കി കുറച്ചിരിക്കുന്നു (http://www.crisil.com/ratings/company_fact_sheet.jsp?ID=ETPK# ). 


അതായത് അവരുടെ ഏറ്റവും താഴ്ന്ന റേറ്റിങ്ങ് (http://www.crisil.com/ratings/credit-rating-scale.html) !!! ബാങ്കുകൾ കടം തിരിച്ചു പിടിക്കാൻ ജപ്തി ഉൾപ്പടെയുള്ള നടപടികളിലേക്ക് കടന്നാൽ അത്ഭുതപെടാനില്ലാ.

ഈ അവസ്ഥയിൽ ഉള്ള ടെക്നോപാർക്കിൽ അറിയപെടുന്ന ഐ ടി കമ്പനികൾ ഇനി മുതൽ മുടക്കാൻ തയ്യാറാകുമോ എന്ന് കണ്ട് തന്നെ അറിയണം. ഇപ്പോൾ അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇത് എങ്ങനെ ബാധിക്കും എന്നത് ഒരു പ്രധാന ചോദ്യമാണ്. അതായത് പുതിയ ജോലി സാധ്യതകളെക്കാളും ഇപ്പോൾ ഉള്ള തൊഴിൽ അവസരങ്ങൾ കൂടി നഷ്ടപെടാൻ ഇടയാകുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.





നാം പ്രതികരിക്കുകയും സർക്കാരിനെ ഈ പ്രശ്നത്തിന്റെ ഗൌരവം ബോധ്യപെടുത്തുകയും ചെയ്തില്ലെങ്കിൽ നമ്മുടെ നാടിനുണ്ടാകാൻ പോകുന്ന നഷ്ടത്തിന് നാമും ഉത്തരവാധികളാകും.

Thursday, April 24, 2014

കേരളത്തിന്റെ സാമ്പത്തികസ്ഥിതി

കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ കുറിച്ച് ഒരു പൊതു ചർച്ച ഉയർന്ന് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ അഭിമാനമായ ഐ.ടി പാർക്കുകൾ ഉൾപടെ പല പൊതുമേഖല സ്ഥാപനങ്ങളും കടഭാരം മൂലം തകർച്ചയുടെ പാതയിലാണ്. കേരളത്തിലെ ഒരു പ്രമുഖ ഐ.ടി പാർക്ക് കടം തിരിച്ചടവിൽ കുടിശിക വരുത്തിയതിനാൽ CRISIL റേറ്റിംഗ് കുറയ്ക്കുകയും ബാങ്കുകൾ കടം തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.

കൂനിൻ മേൽ കുരു പോലെ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച അന്തർദേശിയ സ്ഥാപനങ്ങളിൽ ചിലത് കേരളത്തിലെ പ്രവർത്തനം മതിയാക്കി. കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പല പദ്ധതികളും ഏറ്റെടുക്കാൻ പ്രമുഖ കമ്പനികൾ ഒന്നും വരാത്ത അവസ്ഥ നമ്മുടെ ഭാവിയെ തന്നെ സാരമായി ബാധിക്കുന്നതാണ്. മാസാമാസം കടപ്പത്രം ഇറക്കി എത്ര നാൾ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കും?

എന്താണ് നമുക്ക് സംഭവിക്കുന്നത്‌? മസാല വാർത്തകളുടെയും സ്വപ്നപദ്ധതികളുടെയും പുറകെ പോകുന്ന കേരളത്തിലെ പൊതുജനവും മാധ്യമങ്ങളും ഇനിയെങ്ങിലും ഉണർന്നിലെങ്കിൽ കേരളം ഒരു വൻ സാമ്പത്തിക തകർച്ചയിലെക്കാണ് പോകുക.